പഞ്ചായത്ത് ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

അനിഴം തിരുനാൾ മാർത്താണ്‍ഡവർമ്മ മഹാരാജാവ് പന്തളത്തുരാജ്യം പിടിച്ചടക്കിയതിനെത്തുടർന്ന് കോട്ടയിൽ കർത്താക്കന്മാർക്ക് റാന്നിയുടെ നാടുവാഴി സ്ഥാനം ഉറപ്പിച്ചുകൊടുത്തുകൊണ്ട് നീട്ടി നൽകുകയുണ്ടായി അതിൽ ആനപിടിത്തത്തിനും കരംപിരിവിനും ഉള്ള അധികാരം എടുത്തുപറഞ്ഞിട്ടുണ്ട് കോട്ടയിൽ കർത്താക്കന്മാർ നാട് അടക്കിഭരിച്ചിരുന്നുവെങ്കിലും പിൻതലമുറയില്ലാതെ അന്യംനിന്നുപോയി 17-ാം നൂറ്റാണ്ടിന്‍റെ മധ്യത്തിനു ശേഷം മാടമ്പിശ്രേഷ്ഠന്മാരായ റാന്നിയുടെ അധിപന്മാർ ക്രിസ്‌ത്യാനികുടുംബങ്ങളെ ക്ഷണിച്ചുവരുത്തി കോട്ട മണ്ഡപത്തിന്റെ പരിസരങ്ങളിലായി താമസിപ്പിച്ചിച്ചു പിന്നീട് ഇവരിൽ പലരും പമ്പാനദിയുടെ തീരത്ത് പഴവങ്ങാടിക്കരയിൽ താമസമുറപ്പിച്ചു അനന്തരം കുറുവിലങ്ങാട്, ചെങ്ങന്നൂർ, കോഴഞ്ചേരി, മാരാമൺ അയിരൂർ, ഇലന്തൂർ മുതലായ പ്രദേശങ്ങളിൽ നിന്നും അനേകം കുടുംബക്കാർ റാന്നിയിൽ കുടിയേറി പാർത്തു വളക്കൂറുള്ള മണ്ണും, അനുകൂലമായ പ്രകൃതി സാഹചര്യവും റാന്നി പഴവങ്ങാടിയുടെ പ്രത്യേകതകളായിരുന്നു. ആളുകളുടെ പ്രധാന തൊഴിൽ നിലംകൃഷിയും കരകൃഷിയും ആയിരുന്നു നെല്ല് , കരിമ്പ്, ചാമ, പയറ്, മുതിര, തുവര വാഴ, ചേന, ചേമ്പ് മുതലായവയെല്ലാം ഇവിടുത്തെ കൃഷി വിഭവങ്ങളായിരുന്നു അന്ന് കർഷകത്തൊഴിലാളിയുടെ ഒരു ദിവസത്തെക്കൂലി മൂന്ന് ഇടങ്ങഴി നെല്ലും, ആചാരിക്ക് അഞ്ച് ഇടങ്ങഴിയും ആയിരുന്നു കാളയെക്കെട്ടി ചക്കിൽ കരിമ്പാട്ടി കൊന്നലും വിറകും ഉപയോഗിച്ച് ശർക്കരയുടെയും തയ്യാറാക്കി കച്ചവടക്കാർ ചങ്ങനാശ്ശേരിയിൽ കാളവണ്ടിയിൽ കൊണ്ടുപോയി വിറ്റിരുന്നു ഇതുപോലെ കൊപ്ര,കുരുമുളക് തുടങ്ങി പ്രധാനപ്പെട്ട നാണ്യവിളകളും പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ കൊണ്ടുപോയിരുന്നു കെട്ടുവള്ളങ്ങളിലുള്ള യാത്രയും മലഞ്ചരക്കുകൾ കയറ്റി അയ്ക്കലും അന്ന് പതിവായിരുന്നു വള്ളം റാന്നിയിൽ നിന്നും പുറപ്പെടുന്ന സമയത്ത് കുഴൽവിളി കേൾക്കാം രാത്രി 9 മണിക്ക് പുത്തൻകാവിലേക്ക് പുറപ്പെടുന്ന കമ്പനിവള്ളങ്ങൾക്ക് ഇടപ്പാവൂർ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറാട്ടുപ്പുഴ മുതലായ സ്ഥലങ്ങളിളെല്ലാം സ്റ്റോപ്പുകളുണ്ടായിരുന്നു കാർഷിക ഉല്‌പന്നങ്ങൾ വിറ്റിരുന്നത് പഴയ അങ്ങാടിയിലായിരുന്നു (പഴയ അങ്ങാടിയാണ് പഴവങ്ങാടിയായി പിൽക്കാലത്ത് അറിയപ്പെടുന്നത് )പഴവങ്ങാടി ആറ്റിൻ തീരത്തുള്ള മൂഴി എന്ന സ്ഥലം അന്നത്തെ പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു കൃഷിയിലും കച്ചവടത്തിലും ശ്രദ്ധിച്ചിരുന്ന മുൻതലമുറക്കാരിൽ ചിലരെങ്കിലും സ്വാതന്ത്ര്യസമര സേനാനികളായി സാമൂഹ്യ രാഷ്ട്രീയ, സാംസ്ക്കാരികമേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

1953 -ൽ പഞ്ചായത്തു ഭരണം നിലവിൽ വരുന്നതിനു മുമ്പ് വില്ലേജുയൂണിയൻ എന്ന പേരിലാണ് ഭരണസമിതി അറിയപ്പെട്ടിരുന്നത് അന്ന് നോമിനേഷൻ സമ്പ്രദായമാണ് നിലവിലിരുന്നത് പഴവങ്ങാടി വില്ലേജ് യൂണിയൻ 1948 (1124 മീനം 23 ന്) നിലവിൽ വന്നു വില്ലേജുയൂണിയൻ കമ്മിറ്റിയുടെ കാലാവധി 1953-ൽ ജൂലൈ മാസം അഞ്ചാം തീയതി അവസാനിക്കുകയും, 1953 ആഗസ്റ്റ് മാസം 15-ാം തീയതി പഴവങ്ങാടി പഞ്ചായത്തിന്റെ ആദ്യത്തെ കമ്മിറ്റി രൂപംകൊള്ളുകയും ചെയ്‌തു എം.സി.ജോർജ്ജ് മാവേലിൽ ആദ്യ പ്രസിഡൻ്റായിരുന്നു. ഈ പഞ്ചായത്തിലെ ചങ്ങംകുളം എന്ന സ്ഥലത്ത് ( മടത്തുംപടിക്കും ചെല്ലക്കാടിനും ഇടയ്ക്കുള്ള സ്ഥലം ) നടത്തിയിരുന്ന കാളയോട്ടം പൊതുജനങ്ങൾക്ക് കൗതുകകരമായ ഒരു വിനോദമായിരുന്നു പുരാതന കാലത്ത് നിലയ്ക്കൽ എന്ന സ്ഥലത്ത് ആളുകൾ താമസിച്ചിരുന്ന അതേ സമയത്തുതന്നെ ഈ പഞ്ചായത്തിലെ കരികുളം എന്ന സ്ഥലത്തും ആൾപ്പാർപ്പുണ്ടായിരുന്നു അന്തിമഹാകാളൻ പാറ, തേൻപാറ, തലമലപാറ, കൊതകുത്തിപാറ ഇവയാൽ ചുറ്റപ്പെട്ട ഈ സ്ഥലത്ത് ആളുകൾക്ക് ക്രൂരമ്യഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നു ഇവിടെ ഒരു ക്ഷേത്രവും, തൊട്ടുമുമ്പിലായി ഒരു കുളവും, കിണറുകളും, ഒരു അരയാലും നിലകൊള്ളുന്നു. പഴയ അങ്ങാടി പഴവങ്ങാടി ആയതുപോലെ ഈ പഞ്ചായത്തിലെ പല സ്ഥലനാമങ്ങളും പുരാതനസ്ഥിതിയെ വിളിച്ചറിയിക്കുന്നതാണ് ഒരു കാലത്ത് കാട്ടാനകളുടേയും വന്യമ്യഗങ്ങളുടേയും സ്വൈര്യ വിഹാരസ്ഥലമായിരുന്ന ആനത്തടവും പുലിയുടെ വാസസ്ഥലമായ പുലിയിറമ്പുംകോട്ടയും, ആനപിടിത്തത്തിനായി കുഴിച്ച മൂന്നുകുഴി ( ഇന്നത്തെ മുക്കുഴിയും) മാടനലറുന്നസ്ഥല ( ഇന്നത്തെ മാടത്തരുവിയും), ചെകുത്താൻകര ( ചെത്തോങ്കര)യും എല്ലാം വന്യമ്യഗങ്ങൾ നിറഞ്ഞ കാട്ടുപ്രദേശമായിരുന്നു ഇനിടമെന്ന് സൂചന നൽകുന്നു. എന്നാൽ ഇന്ന് പരിഷ്ക്കാരത്തിൻ്റെ മണിമന്ദിരത്തിൽ ആന്തോളനമാടുന്ന റാന്നിയുടെ സിരാകേന്ദ്രമാണ് പഴവങ്ങാടി പഞ്ചായത്തും ഇട്ടിയപ്പാറയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലൈബ്രറികൾ, ദേവാലയങ്ങൾ, ആശുപത്രികൾ, പോസ്റ്റോഫീസ്, മാർക്കറ്റ്, റോഡുകൾ, ഗവൺമെൻ്റ് ആഫീസുകൾ. ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിങ്ങനെ ആധുനിക ജനസമൂഹത്തിനാവശ്യമായതെല്ലാം പഴവങ്ങാടി പഞ്ചായത്തിലുണ്ട്.